Kerala
തലശേരി: പതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചൊക്ലി സ്വദേശി സുഹൈലിനെയാണ് (38) മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 24നാണ് പാനൂർ ചെറ്റക്കണ്ടിയിൽ വീട്ടുതടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചത്.
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകക്കേസിലെ പ്രതിയാണ് പുല്ലൂക്കരയിലെ സുഹൈൽ. ഇയാൾ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്രാ പോലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്.
കേസിൽ പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം (25), ചൊക്ലി സ്വദേശി സുഹൈൽ എന്നിവർക്കെതിരെ ചേവായൂർ പോലീസ് കേസെടുത്ത് കൊളവല്ലൂർ പോലീസിന് കൈമാറുകയായിരുന്നു. മേയ് 15ന് രാത്രി 10.30നു കാറിൽ എത്തിയ സംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിനു ലഭിച്ച പരാതി.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടി രാത്രിയിൽ വീടിനു മുന്നിൽ ഇറങ്ങിനിന്നത്. എന്നാൽ, കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തിരച്ചിൽ നോട്ടിസും പുറത്തിറക്കി. ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടു. പെൺകുട്ടി തിരൂരിൽ വച്ച് സുഹൈലിനെ പരിചയപ്പെട്ടു. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സുഹൈൽ പെൺകുട്ടിയെ കൊളവല്ലൂർ ചെറ്റക്കണ്ടിയിലെ വാടക വീട്ടിലെത്തിച്ചത്.
തുടർന്ന് വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. നിരവധിപേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിനു മൊഴി നൽകിയത്. നിലവിൽ ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്ന് കടത്തുമായി ബന്ധമുള്ള സുഹൈൽ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. പോലീസ് വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയാണിതെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു.
National
ഗുരുഗ്രാം: പീഡന പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കമ്മീഷണർ ഓഫീസിന് മുന്നിൽ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് അതിജീവിത. ഗുരുഗ്രാമിലാണ് സംഭവം.
കമ്മീഷണർ ഓഫീസിന് മുന്നിലെത്തിയ യുവതി കൈവശമുണ്ടായിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ചു. പിന്നീട് തീപ്പെട്ടി കൈയിലെടുത്ത ഇവരെ പോലീസുകാർ തടഞ്ഞു. തുടർന്ന് രംഗം ശാന്തമാക്കി.
കമ്മീഷണർ ഓഫീസിലേക്ക് എത്തുന്നതിന് മുൻപ് ഇവർ സ്വയം വീഡിയോ റിക്കാർഡ് ചെയ്തിരുന്നു. പാനിപ്പത്ത് സ്വദേശിയായ ഒരാൾ തന്നെ പീഡിപ്പിച്ചുവെന്നും സെക്ടർ 51 പോലീസ് സ്റ്റേഷനിൽ പരാതി നൽകി നാല് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ലെന്നും ഇവർ പറഞ്ഞു.
"പ്രതി ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുകയാണ്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അയാളുടെ കുടുംബവും ഗുണ്ടകളും എന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണ്. ഇനി മരണമാണ് ഏക പോംവഴി. ആത്മഹത്യ ചെയ്യാൻ ഞാൻ സിപി ഓഫീസിലേക്ക് പോകുന്നു'.- അവർ വീഡിയോയിൽ പറഞ്ഞു.
അതേസമയം, കേസിലെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
Kerala
പാലാ: മരണത്തെ മുഖാമുഖം കണ്ട പോരാട്ടത്തിനൊടുവില് സങ്കീര്ണമായ മസ്തിഷ്ക ശസ്ത്രക്രിയകള് വിജയകരമായി പൂര്ത്തിയാക്കിയ പാലാ സ്വദേശിയായ അമ്പതുകാരന് മാര് സ്ലീവാ മെഡിസിറ്റിയില് പുനര്ജന്മം.
ന്യൂറോ സര്ജറി ആന്ഡ് സ്പൈന് സര്ജറി വിഭാഗത്തിന്റെ വിദഗ്ധ ചികിത്സയാണ് ഇദ്ദേഹത്തിന് പുനര്ജന്മം നല്കിയത്. രണ്ട് മാസം മുന്പു വീട്ടില്വച്ചുണ്ടായ വീഴ്ചയെത്തുടര്ന്ന് കഠിനമായ തലവേദനയും ഛര്ദിയും അനുഭവപ്പെട്ടു. തുടര്ന്നു നടത്തിയ പരിശോധനയില് തലച്ചോറിലെ രക്തധമനി പൊട്ടി കഠിനമായ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തി.
അബോധാവസ്ഥയില് അതീവ ഗുരുതരാവസ്ഥയിലാണ് മാര് സ്ലീവാ മെഡിസിറ്റിയില് പ്രവേശിപ്പിച്ചത്. ന്യൂറോ സര്ജറി ആന്ഡ് സ്പൈന് സര്ജറി വിഭാഗം മേധാവി ഡോ. എം.കെ. സരീഷ് കുമാറിന്റെ നേതൃത്വത്തില് നടത്തിയ സങ്കീര്ണമായ ശസ്ത്രക്രിയകളിലൂടെയാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന് സാധിച്ചത്.
ന്യൂറോ സര്ജറി ആന്ഡ് സ്പൈന് സര്ജറി വിഭാഗം സീനിയര് കണ്സള്ട്ടന്റ് ഡോ. ആര്. രാജീവ്, ക്രിട്ടിക്കല് കെയര് വിഭാഗം മേധാവി ഡോ. ജോസുകുട്ടി മാത്യു, സീനിയര് കണ്സള്ട്ടന്റ് ഡോ. അഞ്ജു മേരി ദേവസ്യ, അസോ. കണ്സള്ട്ടന്റ് ഡോ.ജാസണ് സഖറിയ, അനേസ്തേഷ്യ വിഭാഗം കണ്സള്ട്ടന്റുമാരായ ഡോ. ശിവാനി ബക്ഷി, ഡോ. ബേസില് പോള് മനയില് എന്നിവരും ചികിത്സയുടെ ഭാഗമായി.
തലച്ചോറിലെ പ്രധാന രക്തധമനിയിലുണ്ടായ വീക്കമാണ് രക്തസ്രാവത്തിന് കാരണമായതെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണ് സങ്കീര്ണമായ ശസ്ത്രക്രിയയും തുടര്ചികിത്സകളും നടത്തിയത്. തലച്ചോറിലെ അമിതമായ ദ്രാവക സമ്മര്ദം കുറയ്ക്കുന്നതിനായി വി.പി.ഷണ്ട് ശസ്ത്രക്രിയയാണ് ആദ്യം നടത്തിയത്. ഏതാനും ദിവസത്തിനു ശേഷം ക്രേനിയോട്ടമി ശസ്ത്രക്രിയയിലൂടെ രക്തധമനിയിലെ വീക്കം അന്യൂറിസം ക്ലിപ്പിങ്ങിലൂടെ സുരക്ഷിതമാക്കി.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സാ കാലയളവ് വെല്ലുവിളികള് നിറഞ്ഞതായിരുന്നു. ഐസിയുവില് കഴിയവേ കഠിനമായ ന്യൂമോണിയ, ഹൃദയമിടിപ്പ് കുറയുന്ന അവസ്ഥ എന്നിവയും അദ്ദേഹത്തെ ബാധിച്ചു. ഒരു ഘട്ടത്തില് ശ്വസനതടസം നേരിട്ടപ്പോള് ശ്വാസനാളത്തില് ദ്വാരമിട്ട് (ട്രക്കിയോസ്റ്റമി) വെന്റിലേറ്റര് സഹായത്തോടെയാണ് ജീവന് നിലനിര്ത്തിയത്.
ഒരു മാസത്തിനു ശേഷം ആശുപത്രി വിടുമ്പോള് പൂര്ണ ബോധാവസ്ഥ വീണ്ടെടുക്കാനും കൈകാലുകള് ചലിപ്പിക്കാനും സംസാരിക്കാനും അദ്ദേഹം പ്രാപ്തനായി.
നട്ടെല്ലിനെയും തലച്ചോറിനെയും ബാധിക്കുന്ന ഗുരുതര രോഗങ്ങള്ക്കും അപകടത്തില് പെടുന്നവര്ക്കും അത്യാധുനിക ചികിത്സ സൗകര്യങ്ങള് ഒരുക്കുന്ന വിദഗ്ധ സംഘമാണ് മാര് സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ സര്ജറി ആന്ഡ് സ്പൈന് സര്ജറി വിഭാഗമെന്ന് ആശുപത്രി മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.
Kerala
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ഹൈക്കോടതിയുടെ മാർഗനിർദേശം അനുസരിച്ചാണ് മൊഴിയെടുത്തത്. ഇന്ത്യൻ എംബസി വഴിയാണ് യുവതി മൊഴി നൽകിയത്. എംബസിയിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് മൊഴി രേഖപ്പെടുത്തിയത്.
എംബസി വഴി മൊഴി എടുത്തശേഷം പകർപ്പ് അയച്ചു നൽകി പരാതിക്കാരിയുടെ ഒപ്പും രേഖപ്പെടുത്തി.
National
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ബലാത്സംഗ പരാതി നൽകിയ അതിജീവിതയ്ക്കെതിരേ ഫേസ്ബുക്കിൽ കുറിപ്പിട്ട മലയാളി അഭിഭാഷക ദീപ ജോസഫിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീക്കെതിരേ ഇത്തരത്തിൽ എഴുതാൻ എങ്ങനെ സാധിക്കുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ചോദിച്ചു. ഒരു അഭിഭാഷകയിൽനിന്ന് ഇത്തരം നടപടികൾ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ അറസ്റ്റ് നടപടി തടയണമെന്നാവശ്യപ്പെട്ടാണു ദീപ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ ഈ ആവശ്യം നിഷേധിച്ച കോടതി പരാതിക്കാരിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നു വ്യക്തമാക്കി. അതിജീവിതയുടെ ഭർത്താവ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറിപ്പെന്നും അപമാനിച്ചിട്ടില്ലെന്നും ദീപ പറഞ്ഞെങ്കിലും സുപ്രീംകോടതി അത് അംഗീകരിച്ചില്ല.
National
ന്യൂഡൽഹി: ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ജാമ്യം തേടി കുൽദീപ് സിംഗ് സെൻഗാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഉന്നാവ് ബലാല്സംഗക്കേസിലെ അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസിലാണ് സെൻഗാർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കേസില് 10 വര്ഷം തടവുശിക്ഷ അനുഭവിക്കുകയാണ് സെന്ഗാർ. ജനുവരി 19ന് കേസില് വാദം കേട്ട ഡൽഹി ഹൈക്കോടതി സെൻഗാറിന്റെ 10 വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ചിരുന്നു. 2020 മാർച്ച് 13നാണ് കേസില് ട്രയൽ കോടതി സെൻഗാറിന് 10 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്.
ബലാത്സംഗത്തിനിരയായ പെണ്കുട്ടിയുടെ പിതാവിനെതിരായ ഗൂഢാലോചനയും കസ്റ്റഡിയിലെ മരണവുമാണ് സെൻഗാറിനെതിരായി ഈ കേസിലെ ആരോപണം. കൂടാതെ ബലാത്സംഗ കേസിൽ സെൻഗാറിന് ജീവപര്യന്തം ശിക്ഷയുമുണ്ട്. ഡൽഹി ഹൈക്കോടതി 2025 ഡിസംബർ 23ന് ആ ശിക്ഷ മരവിപ്പിച്ച് ചെയ്ത് ജാമ്യം അനുവദിച്ചെങ്കിലും 2025 ഡിസംബർ 29ന് സുപ്രീം കോടതി ആ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ അതിജീവിതയെ സാമൂഹിക മാധ്യമങ്ങളില് അധിക്ഷേപിച്ച കേസില് രാഹുല് ഈശ്വറിന് കോടതി നൽകിയ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കോടതി മാറ്റി. ഹർജിയിൽ തർക്കം ഉണ്ടെങ്കിൽ ഇത് ഈ മാസം 27ന് സമർപ്പിക്കാനും അന്ന് തന്നെ വാദം പരിഗണിക്കുമെന്നും കോടതി അറിയിച്ചു
രാഹുൽ ഈശ്വറിന് കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ സമർപ്പിച്ച രേഖകൾ ലഭിച്ചിട്ടില്ല. അത് ലഭിച്ചാൽ മാത്രമേ എതിർ വാദം ഉന്നയിക്കാൻ കഴിയു എന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇതേ തുടർന്ന് പ്രതിഭാഗത്തിന് മുഴുവൻ രേഖകളും കൈമാറാൻ കോടതി പ്രോസിക്യൂഷൻ നിർദേശം നൽകി. ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്നും കോടതി വാക്കാൽ പരാമർശിച്ചു.
ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധ്യപ്പെടുത്താൻ കോടതി രാഹുലിന് നേരത്തെ നോട്ടീസ് അയിച്ചിരുന്നു. തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ വീണ്ടും അതിക്ഷേപിക്കാൻ ശ്രമിച്ചു, ഇത് അതിജീവിതയെ ഭയപ്പെടുത്തതിന് തുല്യമാണ് എന്നാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
Kerala
തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസില് പത്തനംതിട്ടയിലെ കോൺഗ്രസ് പ്രവർത്തക രഞ്ജിത പുളിക്കൻ അറസ്റ്റിൽ.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ ഇവർ പോസ്റ്റിട്ടിരുന്നു. പത്തനംതിട്ട സൈബർ പോലീസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: ഫെന്നി നൈനാൻ പുറത്തുവിട്ട വാട്സ്ആപ് ചാറ്റുകൾക്കെതിരെ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ മൂന്നാമത്തെ അതിജീവിത.
ഫെന്നിയുടെ സൈബർ അധിക്ഷേപം ഇനി പരാതിക്കാർ മുന്നോട്ട് വരുന്നത് തടയാനാണെന്നും ചാറ്റിന്റെ ചില ഭാഗങ്ങൾ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനാണെന്നും പരാതിക്കാരി പറഞ്ഞു.
തലയും വാലുമില്ലാത്ത ചാറ്റുകൾ ആണിത്. നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രം ആണ് പുറത്ത് വന്നത്. രാഹുലിനെതിരായ പരാതികളുടെ നിജസ്ഥിതി അറിയാനാണ് അന്ന് നേരിൽ കാണാൻ ശ്രമിച്ചതെന്നും പരാതിക്കാരി പറഞ്ഞു.
2024 ജൂലൈയിൽ ആണ് ഫെന്നിയെ പരിചയപ്പെടുന്നത്. 2025 നവംബർ വരെ ഫെന്നിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. 2024 മേയ് മാസത്തിൽ ആണ് മിസ്കാരേജ് സംഭവിക്കുന്നത് രാഹുൽ അങ്ങേയറ്റം സ്ട്രെസും ട്രോമയും തന്നതിന്റെ ഫലമായിരുന്നു ആ മിസ്കാരേജ്. മാനസികമായും ശാരീരികമായും ആകെ തകർച്ച നേരിട്ട സമയം ആയിരുന്നു അത്. കുഞ്ഞിനെ നഷ്ടപ്പെടുന്നു, ജോലി നഷ്ട്ടപ്പെടുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ കൂടി കടന്നു പോയ സമയമായിരുന്നു അത്. അപ്പോഴാണ് ഫെന്നി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. ചൂരൽമല ഫണ്ടിംഗിൽ കൂപ്പൺ ചലഞ്ചിൽ പങ്കെടുക്കണം എന്ന് പറഞ്ഞു.
രാഹുൽ ആണ് വിജയിയെ പ്രഖ്യാപിക്കുന്നത് എന്നും ഫെന്നി പറഞ്ഞു. സമ്മർദ്ദം ചെലുത്തി സമ്മാനം നേടി എടുക്കണം എന്നും പറഞ്ഞു. രാഹുലിനെ കുറിച്ച് ഫെന്നി എപ്പോഴും സംസാരിക്കുമായിരുന്നു. അതോടെ കാര്യങ്ങൾ ഫെന്നിയോട് തുറന്നു പറഞ്ഞു.
ആരോടും പറയരുത് എന്ന് ഫെന്നി തന്നോട് ആവശ്യപ്പെട്ടു. തന്റെ കുഞ്ഞിന്റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോട് ഉണ്ടായിരുന്നു ആ സമയം. ആ ട്രോമ ബോണ്ടിൽ കഴിഞ്ഞിരുന്ന തന്നെ ഫെന്നി മാനിപ്പുലേറ്റ് ചെയ്തു. കോടികളുടെ ബാധ്യത രാഹുലിന് ഉണ്ട് എന്നൊക്കെ പറഞ്ഞു.
ഒരു സമര സമയത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ കാശില്ല എന്ന് പോലും പറഞ്ഞ് പണം വാങ്ങി. ഫെന്നിയോട് കാര്യങ്ങൾ പറഞ്ഞത് അറിഞ്ഞ രാഹുൽ തന്നെ പിന്നെയും അധിക്ഷേപിച്ചു. പാലക്കാട് ഇലക്ഷൻ സമയത്താണ് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുൽ വീണ്ടും വരുന്നത്.
2025 ഓഗസ്റ്റിൽ രാഹുലിനെതിരായ വാർത്തകൾ കണ്ടു. ഒരു വ്യക്തത വേണം എന്നാവശ്യപ്പെട്ട് രാഹുലിനെ വിളിച്ചു. തനിക്ക് ഒരു ക്ലോഷർ വേണം ആയിരുന്നു. അതിനായി രാഹുലിനെ കാണാൻ അടൂരിൽ ചെല്ലണമെന്ന് പറഞ്ഞു. അടൂരിലേക്ക് വരരുത് എന്നും പാലക്കാടേക്ക് ചെല്ലാനും രാഹുൽ ആണ് ആവശ്യപ്പെട്ടത്.
പക്ഷേ പിന്നെ രാഹുൽ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു. കാണണമെങ്കിൽ ഫെന്നിയുമായി ബന്ധപ്പെടാൻ പറഞ്ഞു. ഫെന്നി ഓഫീസിലേക്ക് വരാൻ പറഞ്ഞപ്പോ പറ്റില്ല എന്ന് പറഞ്ഞു. പേഴ്സണൽ കാര്യങ്ങൾ സംസാരിക്കാൻ ഉള്ളതിനാൽ ആളുകൾ ഇല്ലാത്ത സുരക്ഷിതമായ സ്ഥലം വേണം എന്ന് പറഞ്ഞു.
ഒരു സുഹൃത്തിനൊപ്പം കാണാൻ ചെല്ലും എന്നും പറഞ്ഞിരുന്നു. രാഹുലിനോടും ആരെയെങ്കിലും കൂട്ടി കാണാൻ ആണ് വരാൻ പറഞ്ഞത്. മുന്നറിയിപ്പില്ലാതെ ആണ് പാലക്കാട് പോയത്. രാവിലെ മുതൽ രാത്രി വരെ തങ്ങളെ രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു.
ഒരു ദിവസം മുഴുവൻ കഴിഞ്ഞിട്ടും രാഹുൽ കാണാൻ കൂട്ടാക്കിയില്ല. കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട സംഭാഷണത്തിന്റെ ഏതാനും ഭാഗങ്ങൾ ആണ് പുറത്തുവന്നത്. ഒരു ക്ലോഷറിനായി വിശദമായി സംസാരിക്കാൻ ആണ് മൂന്നാല് മണിക്കൂർ സമയം വേണം എന്ന് പറഞ്ഞത്.
അതല്ലാതെ രാഹുലുമായി വീണ്ടും ഒരു ശാരീരിക ബന്ധത്തിനല്ല. പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കിൽ മറ്റു രണ്ട് പെൺകുട്ടികൾക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു. ഫെന്നിയോട് സ്നേഹത്തോടെ പറയുന്നു ഞാൻ ഇതൊന്നും കണ്ടു പേടിക്കില്ല.
ഇപ്പോള് നടക്കുന്നത് തന്നെ തകര്ക്കാനുള്ള ആസൂത്രിത നീക്കമാണെന്നും എല്ലാം നേരിടാൻ തയാറായിട്ടാണ് മുന്നോട്ടുവന്നതെന്നും അതിജീവിത വ്യക്തമാക്കി.
National
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ മുൻ ബിജെപി എംഎൽഎയായ കുൽദീപ് സിംഗ് സെൻഗാറിനെതിരെ കൂടുതൽ തെളിവ് നൽകാൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി അതിജീവിത.
പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു തടവിൽ കഴിയുന്ന സെൻഗാർ ശിക്ഷയ്ക്കെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അതിജീവിതയുടെ ഹർജിയിൽ സിബിഐയുടെയും സെൻഗാറിന്റെയും പ്രതികരണങ്ങൾ ഡൽഹി ഹൈക്കോടതി തേടിയിട്ടുണ്ട്. അതിജീവിതയുടെ പ്രായം തെളിയിക്കുന്നതിനായി സ്കൂൾരേഖകളിലെ ജനനതീയതി അടക്കമുള്ള തെളിവുകളാണ് കോടതിയിൽ നൽകാനൊരുങ്ങുന്നത്.
കഴിഞ്ഞ മാസം 23ന് ഡൽഹി ഹൈക്കോടതി സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ദിവസങ്ങൾക്കുശേഷം സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വർക്കിംഗ് പ്രസിഡന്റുമാർക്കുമാണ് യുവതി പരാതി നൽകിയത്. ജനപ്രതിനിധിയായ ശ്രീനാദേവിയെ നേതൃത്വം നിയന്ത്രിക്കണം എന്നാണ് പരാതിയിലെ ആവശ്യം.
"തന്റെ സ്വഭാവത്തെ സംശയ നിഴലിലാക്കി, നുണ പറയുന്നെന്നും പരാതിയില് ആരോപിക്കുന്നു. തെരഞ്ഞെടുത്ത ജനപ്രതിനിധി പീഡകനൊപ്പം നിൽക്കുന്നത് തെറ്റായ സന്ദേശമാണ് നല്കുന്നത്. സ്ത്രീകളുടെ ആത്മാഭിമാനത്തേക്കാൾ വലുത് അധികാരമെന്ന തെറ്റായ സന്ദേശമാണ് ഇത് നല്കുന്നത്. കോൺഗ്രസ് പിന്തുടരുന്ന ഉന്നത ജനാധിപത്യ മൂല്യങ്ങൾക്കെതിരായ നടപടിയാണിത്.'-പരാതിക്കാരി പറഞ്ഞു.
പരാതിക്കൊപ്പം പോലീസിന് നൽകിയ വിശദമായ പരാതിയുടെ പകർപ്പും പരാതിക്കാരി കോൺഗ്രസ് നേതൃത്വത്തിന് നല്കിയിട്ടുണ്ട് ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ അതിജീവിത നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ആൾക്കൂട്ടത്തിന്റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞുകൊടുത്തുവെന്നാണ് അതിജീവിതയുടെ പരാതിയിൽ പറയുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ "അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കിയത്.
ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നായിരുന്നു ശ്രീനാദേവിയുടെ ചോദ്യം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡനക്കേസിലെ അതിജീവിതയുടെ രഹസ്യ മൊഴിയെടുക്കാൻ എസ്ഐടി സംഘം. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോണ്ഫറന്സിലൂടെ മൊഴിയെടുക്കാനാണ് നീക്കം.
ഇതിനായി എസ്ഐടി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും. ചൊവ്വാഴ്ച ഇതുമായി ബന്ധപ്പെട്ട് എസ്പി പൂങ്കുഴലി യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
അതേസമയം, രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. മറ്റന്നാളാണ് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ഇന്ന് രാവിലെ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
Kerala
തിരുവനന്തപുരം: പി.ടി. കുഞ്ഞു മുഹമ്മദിനെതിരായ ലൈംഗീക അതിക്രമ പരാതിയിൽ സംവിധായകനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന് അതിജീവിത.
പി.ടി. കുഞ്ഞു മുഹമ്മദിനായി പലരും ഇടനിലക്കാരാകുന്നുവെന്ന് അതിജീവിത വെളിപ്പെടുത്തി. കുഞ്ഞുമുഹമ്മദിന്റെ പ്രായം പരിഗണിച്ച് കേസിൽ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാർ ആവശ്യപ്പെടുന്നത്.
ഈ സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിയുന്നില്ലെന്നും പരാതിക്കാരിയായ ചലച്ചിത്ര പ്രവർത്തക പറയുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.
അതേസമയം, കുഞ്ഞു മുഹമ്മദിനെതിരായ ലൈംഗീകാതിക്രമ കേസില് സര്ക്കാര് നടപടികളിലെ കാലതാമസം വിശദീകരിച്ചും വിമര്ശിച്ചും വനിത ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
ചലച്ചിത്ര പ്രവര്ത്തക മുഖ്യമന്ത്രിയുടെ ഓഫീസില് പരാതിപ്പെട്ടിട്ടും നേരിട്ട് ഒരു മറുപടിയും നല്കിയില്ലെന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടും എഫ്ഐആര് ഇട്ടത് എട്ട് ദിവസങ്ങള്ക്ക് ശേഷമാണെന്നും ഡബ്ല്യുസിസിയുടെ സോഷ്യല് മീഡിയ കുറിപ്പില് കുറ്റപ്പെടുത്തുന്നു.
കേരള വിമൻസ് കമ്മീഷൻ ഈ കേസുമായി ബന്ധപ്പെട്ട് പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും നടപടികളുടെ തുടർച്ചയെ സംബന്ധിച്ച വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഡബ്ല്യുസിസി പറയുന്നു.
Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേസിൽ അപ്പീൽ പോകണമെന്ന് അതിജീവിത ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കേരള ജനത ഒപ്പമുണ്ടെന്നും ഉടൻ അപ്പീൽ പോകുമെന്നും മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നല്കി. ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. വിചാരണകോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷൻ അപ്പീലിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
എട്ടാം പ്രതി ദിലീപടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. വിധിയിലെ അതൃപ്തി സമൂഹമാധ്യമത്തിൽ പരസ്യമാക്കിയതിനു പിന്നാലെയാണ് അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയെ വിമർശിച്ച് അതിജീവിത. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി.
കുറ്റാരോപിതരിൽ ഒരാളിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയിൽ നിന്ന് മാറ്റംവന്നിരുന്നു. അക്കാര്യം പ്രോസിക്യൂഷനും മനസിലായിരുന്നു. ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി പല തവണ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നു.
കേസ് മാറ്റണമെന്ന തന്റെ എല്ലാ ഹർജികളും നിഷേധിക്കപ്പെട്ടു. നിയമത്തിനു മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന് നിരന്തരമായി അനുഭവിച്ച വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷത്തിനുമൊടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു. ആ തിരിച്ചറിവ് നൽകിയതിന് നന്ദി.
ഈ യാത്രയിലുടനീളം കൂടെനിന്ന മനുഷ്യത്വമുള്ള സകലരെയും നന്ദിയോടെ ചേർത്തുപിടിക്കുന്നു. അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിക്കൊണ്ടുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവർ അത് തുടരുക. നിങ്ങൾ പണം വാങ്ങിയിരിക്കുന്നത് അതിനാണെന്നും നടി വിമർശനം ഉന്നയിച്ചിട്ടുണ്ട്.
കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി പേഴ്സണൽ ഡ്രൈവർ ആയിരുന്നുവെന്നാണ് ചിലർ ഇപ്പോഴും പറയുന്നത്. പൂർണമായും അടിസ്ഥാന രഹിതമായ കാര്യമാണത്. അയാൾ എന്റെ ഡ്രൈവറല്ല. എന്റെ ജീവനക്കാരനോ ഏതെങ്കിലും തരത്തിൽ പരിചയമുള്ള ആളോ അല്ല.
സിനിമ പ്രൊഡക്ഷനിൽനിന്ന് അയച്ച ആളാണ്. ഈ കോടതിയില്നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് രാജിവെച്ച പബ്ലിക് പ്രോസിക്യൂട്ടര്മാര് സ്വകാര്യമായി പറഞ്ഞിരുന്നു. മെമ്മറി കാർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ശരിയായ അന്വേഷണം നടത്താൻ പലതവണ ആവശ്യപ്പെട്ടു.
എന്നാൽ ഹൈക്കോടതി നിർദേശിക്കുന്നതുവരെ അന്വേഷണ റിപ്പോർട്ട് തനിക്ക് കൈമാറിയില്ല. ശരിയായ വിചാരണയ്ക്കുവേണ്ടി പോരാട്ടം നടത്തേണ്ടിവന്നുവെന്നും അതീജീവിത സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
Kerala
തൃശൂര്: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള് ശിക്ഷിക്കപ്പെടണമെന്നും നടൻ ടോവിനോ തോമസ്.
ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്ഡിലെ ബൂത്തിൽ കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ടോവിനോ തോമസ്.
ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടോവിനോ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുലിനെതിരായ രണ്ടാം പീഡനക്കേസിൽ അതിജീവിതയുടെ മൊഴി കോടതിയിൽ സമർപ്പിച്ചു. ക്രൂര ലൈംഗീക അതിക്രമത്തിന്റെ വിവരങ്ങളാണ് അതിജീവിത മൊഴിയിൽ ഉള്ളത്. ഐ വാൻഡ് ടു റേപ്പ് യു എന്ന് രാഹുൽ പറഞ്ഞുകൊണ്ടിരുന്നു. വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ടുപോകുകയും അതിക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നും അതിജീവിത മൊഴി നൽകി.
ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗീക അതിക്രമമാണ് നടത്തിയത്. ലൈംഗീക പീഡനത്തിന് ഇരയാക്കുന്ന സമയത്ത് പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. എന്നിട്ടും ലൈംഗീകാതിക്രമം തുടർന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന ആവശ്യം രാഹുൽ ഉന്നയിച്ചുവെന്നും അതിജീവിത പറയുന്നു.
ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ലെന്ന് രാഹുൽ അറിയിച്ചു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ ആയി രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാൻ പലവട്ടം ആവശ്യപ്പെട്ടുവെന്നും അതിജീവിതയുടെ മൊഴിയിൽ പറയുന്നുണ്ട്.
രാഹുലിനെ ഭയമാണെന്നും കേസുമായി മുന്നോട്ടുപോകാൻ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത പറഞ്ഞു.
ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ കേരളത്തിന് പുറത്ത് നിന്നാണ് മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപൂരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂട്ടർ സീൽ വച്ച കവറിൽ മൊഴി സമർപ്പിച്ചു.
Movies
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയിൽ പ്രതികരിക്കാനില്ലെന്ന് അക്രമത്തിനിരയായ നടി വ്യക്തമാക്കി. അതിജീവിതയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെത്തന്നെ കോടതി വിചാരണയ്ക്കു നിയോഗിച്ചത്. സാക്ഷിവിസ്താരം തുടങ്ങി എട്ടാം മാസം ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു.
ദിലീപ് കോടതികളെ സമീപിച്ചപ്പോഴെല്ലാം തടസഹര്ജിയുമായി അതിജീവിതയുമെത്തി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതില് സ്വതന്ത്ര അന്വേഷണവും ആവശ്യപ്പെട്ടു. ഈ ഇടപെടലിലാണ് കേസ് ആദ്യം പരിഗണിച്ച ജില്ലാ ജഡ്ജിപോലും സംശയനിഴലിലായത്.
ഒടുവില് വസ്തുതാന്വേഷണ റിപ്പോര്ട്ടില് മെമ്മറി കാര്ഡ് മൂന്നു തവണ തുറന്നതായി സ്ഥിരീകരിച്ചപ്പോള് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഇത് മേല്ക്കോടതികള് നിരസിച്ചതോടെ തന്റെ സ്വകാര്യതയ്ക്കു ഭീഷണിയെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തയയ്ക്കാനും അവർ തയാറായി.
ദിലീപിനെതിരേ തെളിവില്ലെന്ന പരാമര്ശം നടത്തിയ മുന് ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരേ കോടതിയലക്ഷ്യ ഹര്ജിയും നടി നല്കി.
അഞ്ചു തവണയാണ് കേസില് വിചാരണ നീട്ടിവച്ചത്. കോവിഡിനെത്തുടര്ന്നു വിചാരണ നീണ്ടതും ബാലചന്ദ്രകുമാറിന്റെ പരാമര്ശത്തിലുള്ള തുടരന്വേഷണവുമെല്ലാം കാരണമായി. രണ്ടു പ്രോസിക്യൂട്ടര്മാര് ഇടയ്ക്കുവച്ച് ഒഴിവായതും മൂന്നാമത്തെയാള്ക്കായുള്ള കാത്തിരിപ്പുമെല്ലാം വിചാരണനടപടികൾ വൈകിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നും പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ച് നിരാഹാര സമരവും ജയിലിൽ തുടരുകയാണ്.
അതേസമയം, രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിരുവനന്തപുരം സൈബർ പോലീസ് കോടതിയിൽ അപേക്ഷ നൽകി.
Kerala
കാസര്ഗോഡ്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിക്കുനേരെയുള്ള സൈബര് ആക്രമണത്തിൽ കോണ്ഗ്രസിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സൈബര് ആക്രമണം നടത്തുന്നത് സിപിഎമ്മിന്റെ രീതിയാണ്.
രാഹുലിനെതിരായ കേസിൽ പറയാനുള്ളതെല്ലാം പറഞ്ഞു. ഇനി ഒന്നും പറയാനില്ല. രാഹുലിനെതിരായ കേസ് തെരഞ്ഞെടുപ്പിൽ ഒരു വിഷയമേ അല്ലെന്നും പരാതി ലഭിക്കും മുമ്പ് നടപടിയെടുത്ത പാര്ട്ടിയാണ് കോണ്ഗ്രസെന്നും വി.ഡി.സതീശൻ പറഞ്ഞു.
ശബരിമലയിലെ സ്വർണം മോഷ്ടിച്ച കുറ്റവാളികൾക്കെതിരെ നടപടി എടുക്കാത്ത സിപിഎം കോൺഗ്രസിനെ ക്രൂശിക്കാൻ ശ്രമിക്കുകയാണ്. കൊലപാതക കേസുകളിൽ ഉൾപ്പെട്ടവരും ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ടവരുമാണ് സിപിഎം സ്ഥാനാർഥികളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
National
ലണ്ടൻ: അന്നു രമേഷിനെ ലോകം മുഴുവൻ ഇങ്ങനെ വാഴ്ത്തി, മഹാഭാഗ്യവാൻ! 241 മനുഷ്യർ താഴേയ്ക്കു പതിച്ച എയർ ഇന്ത്യ വിമാനത്തിനൊപ്പം കത്തിയമർന്നപ്പോൾ ആ തീമഴയുടെ മധ്യത്തിലൂടെ ജീവിതത്തിലേക്കു നടന്ന ഏക യാത്രക്കാരനെ ഭാഗ്യവാൻ എന്നല്ലാതെ എന്താണ് വിളിക്കാൻ കഴിയുക.
അഹമ്മദാബാദ് വിമാനദുരന്തത്തെ അതിജീവിച്ച് വാർത്തകളിൽ നിറഞ്ഞ വിശ്വാസ് കുമാർ രമേഷ് പറയുന്നത് എന്നാൽ, അന്നു മുതൽ തന്റെ നിർഭാഗ്യങ്ങളുടെ ഘോഷയാത്ര തുടങ്ങുകയായിരുന്നുവെന്നാണ്. അന്നത്തെ രക്ഷപ്പെടൽ ഒരു അദ്ഭുതം തന്നെയായിരുന്നു. കഴിഞ്ഞ ജൂൺ 12നാണ് രാജ്യത്തെ നടുക്കി അഹമ്മദാബാദ് വിമാനദുരന്തമുണ്ടായത്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽനിന്നു നടന്നു പുറത്തേക്കുവരുന്ന രമേഷിന്റെ ചിത്രങ്ങൾ ലോകമെന്പാടും വൈറലായിരുന്നു. മഹാഭാഗ്യവാനെന്ന് അന്നു ലോകം വിളിച്ചെങ്കിലും തന്റെ പ്രിയപ്പെട്ട സഹോദരനെ വിമാനദുരന്തത്തിൽ നഷ്ടപ്പെട്ടതിൽ തുടങ്ങുന്നു രമേഷിന്റെ നിർഭാഗ്യങ്ങൾ.
ഇപ്പോഴും ചികിത്സയിൽ
ലീസെസ്റ്ററിലെ വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഇപ്പോഴത്തെ തന്റെ അവസ്ഥ മാധ്യമങ്ങളോടു പങ്കുവച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരൻ അജയ് നഷ്ടമായതിന്റെ വേദന ഇപ്പോഴും വേട്ടയാടുകയാണ്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറി(പിടിഎസ്ഡി) എന്ന പ്രശ്നം അലട്ടുന്ന രമേഷ് അതിനുള്ള ചികിത്സയിലാണ്. ഭാര്യയോടും നാലു വയസുകാരനായ മകനോടുമൊപ്പം പഴയതുപോലെ സന്തോഷിച്ചുല്ലസിച്ചു കഴിയാൻ അദ്ദേഹത്തിന്റെ മാനസികാവസ്ഥ അനുവദിക്കുന്നില്ല. വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ തോന്നും. വീട്ടിലുള്ളവരോടു പോലും അധികം സംസാരിക്കാൻ തോന്നുന്നില്ല. ദുരന്തം ഏല്പിച്ച ശാരീരികക്ഷതങ്ങൾ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു.
അലട്ടുന്ന വേദനകൾ
വേദനകളോടെയാണ് മിക്കപ്പോഴും ഉറക്കമുണരുന്നത്. കാലിനും കാൽമുട്ടിനും പുറത്തും തോളിനുമൊക്കെ ഇപ്പോഴും വേദന. ജോലി ചെയ്യാനോ വാഹനം ഒാടിക്കാനോ കഴിയുന്നില്ല. നടക്കുന്നതിനു പോലും പ്രയാസം. മാനസിക ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല സാന്പത്തിക പ്രശ്നവും അലട്ടിത്തുടങ്ങിയിരിക്കുന്നു. എയർ ഇന്ത്യ 25 ലക്ഷം രൂപ രമേഷിനു നൽകിയിരുന്നു. എന്നാൽ, അതു ചികിത്സയ്ക്കു പോലും തികയില്ലെന്നു കുടുംബം പറയുന്നു.
ഇന്ത്യയിലെ കുടുംബ ബിസിനസ് നടത്തിയിരുന്നത് രമേഷും സഹോദരനും ഒന്നിച്ചായിരുന്നു. സഹോദരനെ നഷ്ടപ്പെടുകയും രമേഷ് ചികിത്സയിലാവുകയും ചെയ്തതോടെ കുടുംബബിസിനസുകളും ഏതാണ്ട് തകർന്ന അവസ്ഥയിലാണ്. എല്ലാവരും തന്നെ മറന്നു തുടങ്ങി. ഇത്രയും പറഞ്ഞിട്ട് രമേഷ് ചോദിക്കുന്നു, പറയൂ എന്നെ എങ്ങനെ ഇപ്പോൾ മഹാഭാഗ്യവാൻ എന്നു വിളിക്കാനാകും...! എയർ ഇന്ത്യ സിഇഒയെ ഏതെങ്കിലും രീതിയിൽ കാണാൻ അവസരം ലഭിച്ചാൽ തന്റെ അവസ്ഥ ബോധ്യപ്പെടുത്തി എന്തെങ്കിലും സഹായം കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് രമേഷ്.